Kerala News

സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

തിരുവനന്തപുരം: ബിജെപിയില്‍ പടലപ്പിണക്കങ്ങള്‍ ശക്തമാകുന്നതിനിടെ സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എവിടെ വരെ പോകുമെന്ന് നോക്കുകയാണ്. എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും ശ്രദ്ധ തിരിക്കാന്‍ നോക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരും പാര്‍ട്ടിക്ക് അതീതരല്ല. എവിടെ വരെ പോകുമെന്ന് നോക്കാം. ഓരോരുത്തര്‍ക്കും എവിടെ വരെ പോകാന്‍ സാധിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിരീക്ഷിക്കുകയാണ്. പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ്. സന്ദീപിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. എം ബി രാജേഷ് സ്വന്തം പാര്‍ട്ടിക്കാര്‍ ഇവിടെ നടത്തുന്ന പ്രവര്‍ത്തിയെന്താണെന്ന് ആദ്യം അന്വേഷിക്കട്ടെ. യാതൊരു ആശങ്കയുമില്ല. 23ന് ഫലം വന്ന ശേഷം വിശദമായി പ്രതികരിക്കാം.സ്വന്തം അമ്മയുടെ അന്ത്യകര്‍മ്മത്തിന്റെ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സന്ദീപ് വാര്യരുടെ ചര്‍ച്ച ചെയ്യാന്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി ചേരുന്നുണ്ട്. കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് കോര്‍ കമ്മിറ്റിയില്‍ ഉയരുന്നത്. സന്ദീപിനെ സംരക്ഷിച്ചത് കെ സുരേന്ദ്രനാണ് എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തുന്നത്. സന്ദീപിനെ തിരിച്ചെടുത്തത് തെറ്റായിപ്പോയെന്നും വിമര്‍ശനമുണ്ട്.

സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആര്‍എസ്എസ് ഉയര്‍ത്തുന്നത്. സന്ദീപിനെതിരെ നടപടി വേണമെന്നാണ് ആര്‍എസ്എസിന്‌റെ പക്ഷം. സന്ദീപിന്‌റെ നിലപാട് അച്ചടക്ക ലംഘനമാണ്. കൃഷ്ണദാസ് പക്ഷവും സന്ദീപിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അവസാന നിമിഷവും സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സന്ദീപിന്‌റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെ സുരേന്ദ്രന്‌റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

Related Posts

Leave a Reply