സംസ്ഥാനത്ത് വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് സർക്കാർ. എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതം 50 ശതമാനമായി നിജപ്പെടുത്തി. ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ബജറ്റ് വിഹിതം പകുതിയായി കുറച്ചത്. ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതി മാത്രമേ വകുപ്പകൾക്ക് ലഭിക്കൂ.
ഓരോ വകുപ്പുകളുടെയും വിഹിതത്തിൽ വരുത്തിയ കുറവ് ചീഫ് സെക്രട്ടറി അറിയിച്ചു. ബജറ്റ് വിഹിതത്തിൽ കുറവ് വരുത്തുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ഷേമ പെൻഷനടക്കമുള്ള ആനുകൂല്യങ്ങളും കൊടുത്തുതീർക്കാനായി ബജറ്റ് വിഹിതം വെട്ടിക്കുറക്കുമെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി വെച്ച് വകുപ്പുകളുടെ പദ്ധതികളുടെ മുൻഗണനക്രമത്തിൽ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ലഭിച്ചത് കൃഷി വകുപ്പിനാണ്. പ്രാഥമിക മേഖലയായി കണക്കാക്കുന്നത് കാർഷിക മേഖലയാണ്. അങ്ങനെ 51 ശതമാനം വിഹിതം കാർഷിക മേഖലയ്ക്ക് ലഭിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകൾക്ക് 50 ശതമാനം തുക മാത്രമേ ലഭിക്കൂ. ഈ തുക ക്ഷേമ പെൻഷൻ കുടിശ്ശിക അടക്കം കൊടുത്തുതീർക്കാനായി ഉപയോഗിക്കുമെന്നാണ് ധനവകുപ്പ് നൽകുന്ന വിശദീകരണം.