കോട്ടയം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് സ്കൂളുകളിൽ ജനറൽ നഴ്സിങ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചതായി കണ്ടെത്തൽ. 58% മാത്രം മാർക്ക് ലഭിച്ച കുട്ടിക്ക് പോലും ജനറൽ കാറ്റഗറിയിൽ അഡ്മിഷൻ ലഭിച്ചതായി കണ്ടെത്തി. സർക്കാർ കണ്ടീഷണൽ അഫിലിയേഷൻ നൽകിയ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ നഴ്സിംഗ് കൗൺസിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ വ്യക്തമായത്.
80 ശതമാനത്തിന് മുകളിൽ മാർക്കുള്ള കുട്ടികൾക്ക് പോലും മെറിറ്റ് അടിസ്ഥാനത്തിൽ ജിഎൻഎമ്മിന് അഡ്മിഷൻ ലഭിക്കാതെയുള്ള സാഹചര്യം നിലനിൽക്കെയാണ് ഇത്രയും കുറഞ്ഞ ശതമാനം മാർക്കുള്ള കുട്ടികൾക്ക് സ്വകാര്യ സ്വാശ്രയ മേഖലയിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചിരിക്കുന്നത്. 54 ഇടങ്ങളിലെ പരിശോധന ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 17 ഇടങ്ങളിലാണ് ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ട്യൂഷൻ ഫീസ് 17,000 ആണ്. ടെക്സ്റ്റ് ബുക്ക് യൂണിഫോം എന്നീ ഇനങ്ങളിൽ പരമാവധി ഒരു വർഷം 40,000 രൂപ വരെ ഫീസ് ഈടാക്കാം എന്നാൽ നിലവിൽ അഡ്മിഷൻ കിട്ടിയിട്ടുള്ള പല കുട്ടികളിൽ നിന്നും ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ വരെ മാനേജ്മെന്റുകൾ വാങ്ങിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ മൊഴി നൽകിയിട്ടുണ്ട്.