തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാടിൻ്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങൾ പൂർത്തിയായപ്പോൾ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിൻ്റെ കിരൺ കെ ദേശീയ റെക്കോർഡ് മറികടന്നു. വടവന്നൂർ വിഎംഎച്ച്എസിലെ വിദ്യാർത്ഥിയാണ് കിരൺ. 13.84 സെക്കൻഡു കൊണ്ടാണ് 110 മീറ്റർ ഹർഡിൽസിൽ കിരൺ ദേശീയ റെക്കോർഡ് മറികടന്നത്.
പാലക്കാട് ഇതുവരെ 133 പോയിന്റ് സ്വന്തമാക്കി. 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് മലപ്പുറവും 61 പോയിന്റ് നേടിയ എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. 44 പോയിന്റുള്ള കോഴിക്കോട് നാലാം സ്ഥാനത്താണ്. സ്കൂൾ വിഭാഗത്തിൽ മുൻ ചാമ്പ്യൻമാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂളും കോതമംഗലം മാർ ബേസിലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
നാല് ദിവസത്തെ കായികമേള ഇന്ന് അവസാനിക്കും. ഒരു ദിവസം അവശേഷിക്കെ ഹാട്രിക് കിരീടമെന്ന ലക്ഷ്യത്തിലേക്ക് പാലക്കാട് അടുക്കുകയാണ്.