India News

ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ ഭരിച്ചതുപോലെ അടുത്ത നാലര മാസം സർക്കാരിനെ മുന്നോട്ടു കൊണ്ട് പോകുമെന്നും അതിഷി

ന്യൂഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. സെക്രട്ടേറിയറ്റിൽ എത്തിയാണ് ചുമതലയേറ്റത്. കെജ്‌രിവാൾ ഇരുന്ന മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. കെജ്‌രിവാളിന്റെ മടങ്ങി വരവിന് വേണ്ടി കസേര ഒഴിച്ചിടുകയാണെന്നും അതിഷി പറഞ്ഞു. കെജ്‌രിവാൾ മടങ്ങി വരുന്നത് വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞ് കിടക്കും. ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ ഭരിച്ചതുപോലെ അടുത്ത നാലര മാസം സർക്കാരിനെ മുന്നോട്ടു കൊണ്ട് പോകുമെന്നും അതിഷി പറഞ്ഞു.

വിദ്യാഭ്യാസം, ധനം, പൊതുമരാമത്ത് ഉൾപ്പെടെ 13 വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ളത്. മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അതിഷി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതിഷിക്ക് പുറമെ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോപാൽ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സുൽത്താൻപൂർ മജ്റയിൽ നിന്നുള്ള എംഎൽഎ മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതോടെയാണ് ഡൽഹിയിൽ ഭരണ പ്രതിസന്ധി ഉടലെടുക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ഉറച്ച ശബ്ദമായ അതിഷിയല്ലാതെ മറ്റൊരു പേരും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുന്നിലുണ്ടായിരുന്നില്ല. ആംആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിച്ചു. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവർ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി. തൊട്ടടുത്ത ദിവസം അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. കെജ്‌രിവാൾ ജയിലിലാക്കപ്പെട്ട സമയത്ത് പാർട്ടിയിൽ സുപ്രധാന പങ്കുവഹിച്ചത് അതിഷിയായിരുന്നു.

മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ഡൽഹിയുടെ മൂന്നാമത് വനിത മുഖ്യമന്ത്രിയായി അതിഷി. കോൺ​ഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജ് എന്നിവരായിരുന്നു ഡൽഹിയുടെ മുൻ വനിത മുഖ്യമന്ത്രിമാർ.

Related Posts

Leave a Reply