Kerala News

ശനിയാഴ്ച തിരുവനന്തപുരത്ത് 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങും

പൊതുജനങ്ങള്‍ക്ക് ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനർ തുടങ്ങിയവയെല്ലാം മാ‍ർഗദർ‍ശി ആപ്പിലൂടെ അറിയാനാകും

തിരുവനന്തപുരം: 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച നഗരത്തിലെ നിരത്തിലിറങ്ങും. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 113 ഇലക്ട്രിക് ബസുകളിൽ 60 എണ്ണം സിറ്റി സർവീസിനായി കെഎസ്ആ‍‍ര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിൽ നിർവഹിക്കും. തിരുവനന്തപുരം നഗരത്തിലെ  പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി അറുപത് ബസുകളാണ് ശനിയാഴ്ച കൈമാറുന്നത്. അതേസമയം, തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡ് വികസിപ്പിച്ച മാ‍ർഗദർ‍ശി ആപ്പ് ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയത്.

പൊതുജനങ്ങള്‍ക്ക് ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനർ തുടങ്ങിയവയെല്ലാം ഈ ആപ്പിലൂടെ അറിയാനാകും. കണ്ട്രോള്‍ റൂം ഡാഷ്ബോർഡിൽ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, ഓവർസ്‍പീ‍ഡ് ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. സിറ്റി സർക്കുലർ ബസുകളുടെ തത്സമയ സഞ്ചാര വിവരം അറിയാനുള്ള എന്റെ കെഎസ്ആർടിസി നിയോ ബീറ്റാ വേർഷന്റെ റിലീസും ചടങ്ങിൽ നടക്കും.

മെട്രോസ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഉള്ളതിന് സമാനമായി ബസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ വിവരങ്ങള്‍ തത്സമയം അറിയിക്കുന്ന ബോർ‍ഡുകള്ളും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീസൽ ബസുകള്‍ ക്രമാനുഗതമായി മാറ്റി, ഹരിത വാഹനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതി. നിലവിൽ 50 ബസുകളാണ് കെഎസ്ആ‍ർടിസി സിറ്റി സ‍‍ർവീസിലുള്ളത്. 113 ബസുകള്‍ കൂടി വരുന്നതോടെ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലേക്കുമുള്ള യാത്ര പൂർണമായി ഹരിത വാഹനങ്ങളിൽ തന്നെയാകും.

Related Posts

Leave a Reply