Kerala News

വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന്  ജൻമനാടിന്‍റെ യാത്രാമൊഴി.

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന്  ജൻമനാടിന്‍റെ യാത്രാമൊഴി. തിരുവനന്തപുരം പാലോട്ടെ വീട്ടിലും ജൻമ ഗ്രാമമായ നന്ദിയോട്ടും എസ്കെവി സ്കൂളിലും  പൊതു ദര്‍ശനത്തിന് ശേഷം ശാന്തിതീരം സ്മശാനത്തിൽ സംസ്കരിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം വൻ ജനാവലി വിഷ്ണുവിന്‍റെ വീട്ടിലെത്തി

സ്വന്തം വീടെന്ന സ്വപ്നവും ജൻമനാടിനോടുള്ള വലിയ ഇഴയടുപ്പവുമെല്ലാം ബാക്കിവെച്ചാണ് വിഷ്ണവിന്‍റെ മടക്കം. മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച വിഷ്ണുവിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാതെ ഉള്ളു വിങ്ങിയാണ് ബന്ധുക്കളും നാട്ടുകാരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ 7 മണിയോടെ ആണ് സൈനിക വാഹനം നന്ദിയോട്ടെ വീട്ടിൽ എത്തിയത്. അപ്പോഴേക്കും നാട് മുഴുവൻ ഒഴുകി എത്തിയിരുന്നു. അതുവരെ അടക്കിപ്പിടിച്ച സങ്കടം മുഴുവൻ പുറത്ത് പുറത്തേക്ക് വന്നു.


10 മണിയോടെ മൃതദേഹം നന്ദിയോട് പഞ്ചായത്തിന് മുന്നിലേക്ക് കൊണ്ടുവന്നു. അവിടെയും നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. പിന്നീട് വിഷ്ണുവിൽ സൈനിക മോഹം ഉണർത്തി വിട്ട സ്കൂൾ മുറ്റത്തേക്കായിരുന്നു അവസാന യാത്ര. വിദ്യാര്‍ത്ഥികളും എൻസിസി കാഡറ്റുകളും അവിടെ കാത്തു നിന്നു. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്കൂളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. 12 മണിയോടെ ഉച്ചയോടെ പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

Related Posts

Leave a Reply