കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണിത്. കേസ് ഡയറി പരിശോധിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും ഹൈക്കോടതി സിബിഐ അന്വേഷണ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കുക.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ മതിയായ തെളിവ് വേണമെന്നായിരുന്നു കുടുംബത്തിൻ്റെ അഭിഭാഷകനോട് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയത്. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി പറഞ്ഞാല്‍ നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല നോക്കുന്നതെന്നും കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് പരിശോധിക്കുന്നതെന്നും ആയിരുന്നു ഹൈക്കോടതിയുടെ മറുപടി.
അതേസമയം, നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമർശമുള്ളത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പൊലീസ് എഫ്ഐആറിലും അങ്ങനെയൊരു പരാമർശമോ കണ്ടെത്തലോ ഉണ്ടായിരുന്നില്ല. മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.
യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു.