മൂന്നാർ: ഇടുക്കി മൂന്നാറിൽ വീണ്ടും ജനവാസകേന്ദ്രങ്ങൾ ഇറങ്ങി ഒറ്റയാന് പടയപ്പ. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കട പടയപ്പ ഭാഗികമായി തകർത്തു. പുലർച്ചെയെത്തിയ ആന കടയിൽ സൂക്ഷിച്ചിരുന്ന അരിയടക്കം അകത്താക്കിയാണ് മടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാന ജനവാസ മേഖലയിൽ ഉണ്ട്. ഇന്നലെ ഗ്യാപ് റോഡിലെത്തിയ പടയപ്പ വാഹനങ്ങളും തടഞ്ഞിരുന്നു.
കഴിഞ്ഞ മാസം ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ പടയപ്പ തോട്ടം തൊഴിലാളികളുടെ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ബഹളം വെച്ച് ജനവാസമേഖലയില്‍ നിന്നും ഓടിച്ചത്. നേരത്തെ മൂന്നാർ – മറയൂർ അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ തടയുന്നത് പടയപ്പയുടെ പതിവായിരുന്നു. ഇടുക്കിയിൽ നാട്ടുകാരെ ദുരിതത്തിലാക്കിയ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് കാടുകയറ്റിയെങ്കിലും അരിക്കൊമ്പന്റെ പാത പിന്തുടര്ന്ന് മലയോര മേഖലയിൽ അരി തേടിയിറങ്ങിയിരിക്കുകയാണ് കാട്ടുകൊമ്പന് പടയപ്പ.
ജനവാസകേന്ദ്രങ്ങളിലിറങ്ങി വീടുകള്‍ തകര്‍ത്ത് അരിയെടുത്ത് തിന്നുന്ന അരിക്കൊമ്പന്റെ പാത പിന്തുടരുകയാണ് മൂന്നാറിലെ കൊമ്പൻ പടയപ്പയും. മറയൂര്‍ പാമ്പന്‍ മലയിൽ തോട്ടം തൊഴിലാളികളുടെ താമസിക്കുന്ന ലയങ്ങളുടെ വാതിലുകള്‍ തകർത്താണ് പടയപ്പ വീടിനുള്ളിലെ ചാക്കരിയെടുത്ത് അകത്താക്കിയത്. റേഷന്‍ കടയ്ക്ക് നേരെയും പടയപ്പയുടെ ആക്രമണം നടന്നിരുന്നു.