വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച് താമരശ്ശേരി രൂപത. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയിൽ ചിത്രം പ്രദർശിപ്പിച്ചു. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശം നൽകി. അതേസമയം വിവാദ സിനിമ ദി കേരള സ്റ്റോറി ഇടുക്കി രൂപത ഇന്നലെ പ്രദർശിപ്പിച്ചു. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.
പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. അതില്‍ വര്‍ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത പറയുന്നു.
കഴിഞ്ഞ മാസം നാലാം തിയതിയാണ് വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടന്നത്. വചനോത്സവത്തിന്റെ ഭാഗമായാണ് വിവാദചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിപാടിയില്‍ സംസാരിച്ചത്. ലൗ ജിഹാദിനെക്കുറിച്ചും പരിപാടിയില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.
കുട്ടികള്‍ക്ക് മുന്നില്‍ ഒരിക്കലും ഒരു വര്‍ഗീയ ആശയത്തെക്കുറിച്ച് പറയാന്‍ ഒരു തരത്തിലും പരിശ്രമിച്ചിട്ടില്ലെന്ന് അതിരൂപതയുടെ മീഡിയ ഡയറക്ടര്‍ വിശദീകരിച്ചു. പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും ദി കേരള സ്റ്റോറിയെക്കുറിച്ച് പറയുമ്പോഴും ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടില്ലെന്നും അതിരൂപത വിശദീകരിച്ചു.