Kerala News

വിഴിഞ്ഞം കടലില്‍ ആനക്കാല്‍ എന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം

വിഴിഞ്ഞം: വിഴിഞ്ഞം കടലില്‍ ആനക്കാല്‍ എന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. വിഴിഞ്ഞം തീരത്തോട് ചേർന്ന് ഇന്നലെയാണ് ഈ അപൂർവ ജലസ്തംഭം, അഥവാ വാട്ടർസ്പൗട്ട് (Waterspout), രൂപപ്പെട്ടത്.

കടലില്‍ രൂപ്പപ്പെട്ട കുഴല്‍രൂപത്തിലുളള പ്രതിഭാസം കണ്ട് ചുഴലിക്കൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച് മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.50-ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നാട്ടുകാര്‍ ആനക്കാല്‍ എന്നുവിളിക്കുന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം രൂപപ്പെട്ടത്.

ജലോപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍പോലെയും തൊട്ടുമുകളില്‍ കുമിളിന്റെ മുകള്‍ഭാഗംപോലുളള മേഘവും കൂടിച്ചേര്‍ന്നുളള രൂപത്തിലാണ് വാട്ടര്‍ സ്പൗട്ട് പ്രത്യക്ഷമായത്. 25 മിനിട്ടോളം നിലനിന്നശേഷം വെളളത്തിന് മുകളില്‍ ആവിപോലെ സഞ്ചരിച്ചതായും പിന്നീട് കാണാതായെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് ഒരുമണിക്കൂറോളം ശക്തമായ മഴയുമുണ്ടായി. വിഴിഞ്ഞം കടലില്‍ തീരത്തോട് ചേര്‍ന്ന് ആദ്യമായിട്ടാണ് തങ്ങള്‍ ആനക്കാല്‍ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

എന്താണ് വാട്ടര്‍ സ്പൗട്ട്

കാറ്റിന്റെ ദിശയിലുണ്ടാകുന്ന വ്യതിയാനത്തെ തുടര്‍ന്നുണ്ടാക്കുന്ന പ്രതിഭാസമാണിത്. കടലിന്റെ ഉപരിതലത്തിലുളള ജലകണികളും നീരാവിയും കൂടിച്ചേര്‍ന്ന് ഖനീഭവിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ആനക്കാല്‍ എന്നുവിളിക്കുന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം ഉണ്ടാകുന്നത്. ആഴക്കടലില്‍ ഇത് ഉണ്ടാവാറില്ല, തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍ അഞ്ചുതെങ്ങ്, വേളി, കോവളം അടക്കമുളള മേഖലകളില്‍ നേരത്തെ ഇതുണ്ടായിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇടയ്ക്കിടെ ഈ പ്രതിഭാസം ഉണ്ടാവാറുണ്ടെന്നും തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു.

Related Posts

Leave a Reply