Kerala News

വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസ മന്ത്രി കൈമാറിയ പുതിയ സൈക്കിളും മോഷണം പോയി

കൊച്ചി: സൈക്കിൾ മോഷണം പോയ വിദ്യാർത്ഥിനിക്ക് സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസ മന്ത്രി കൈമാറിയ പുതിയ സൈക്കിളും മോഷണം പോയി. എന്നാൽ പിന്നാലെ കൂടിയ പൊവീസ് ദിവസങ്ങൾക്കകം മോഷ്ടിച്ച മധ്യവയസ്കനെ പിടികൂടി സൈക്കിളും കണ്ടെടുത്തു. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വട്ടത്തിപ്പാടത്തുള്ള വീട്ടിൽ നിന്നും സൈക്കിൾ മോഷ്ടിച്ച കേസിൽ ആലപ്പുഴ ആറാട്ടുവഴി പി എച്ച് വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ഷാജി (56) എന്നയാളെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്വന്തം സൈക്കിൾ മോഷണം പോയതിനെ തുടർന്ന് അവന്തിക മന്ത്രിക്ക് ടെക്സ്റ്റ് മെസ്സേജ് വഴി വിവരം കൈമാറിയിരുന്നു.  ഇതോടെയാണ് എറണാകുളത്ത് വെച്ച് നടന്ന പ്ലസ് വൺ പ്രവേശനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകട്ടി പുതിയ സൈക്കിൾ സമ്മാനിച്ചത്. ഇതാണ് ഷാജി മോഷ്ടിച്ചത് എന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. 

ഇക്കഴിഞ്ഞ 20നു രാത്രി 11 മണിക്കും 21നു പുലർച്ചെ 4 മണിക്കും ഇടയിൽ ആണ് വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷണം പോയത്. തുടർന്ന് അടുത്ത ദിവസം സൈക്കിൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ട അവന്തികയുടെ പിതാവ് ഗിരീഷ് പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. ജൂൺ രണ്ടിന് ആയിരുന്നു പാലാരിവട്ടം വട്ടത്തിപ്പാടം ചാലത്തൂർ വളപ്പിൽ അവന്തിക എന്ന പ്ലസ് വൺ വിദ്യാർത്ഥിനിക്ക് മന്ത്രി വി. ശിവൻകുട്ടി പുതിയ സൈക്കിൾ സമ്മാനിച്ചത്. 

പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആൽബി.എസ് പുതുക്കാട്ടിൽ, സുധീഷ് ബാബു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇഗ്നേഷ്യസ്, പ്രവീൺ, പ്രശാന്ത്, സിവിൽ പൊലീസ് ഓഫീസർ ദീപേഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണമുതലായ സൈക്കിൾ പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തി.

Related Posts

Leave a Reply