India News

വി കാമകോടിയുടെ പ്രസ്താവന ന്യായീകരിച്ച് തമിഴ്നാട് ബിജെപി നേതാവ് ഡോ. തമിഴിസൈ സൗന്ദരരാജന്‍

ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ വേഗത്തില്‍ മാറുമെന്ന മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പ്രസ്താവന ന്യായീകരിച്ച് തമിഴ്നാട് ബിജെപി നേതാവ് ഡോ. തമിഴിസൈ സൗന്ദരരാജന്‍. കാമകോടിയെ വിമര്‍ശിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയാണ് അലോപ്പതി ഡോക്ടര്‍ കൂടിയായ തമിഴിസൈ സൗന്ദരരാജന്‍ രംഗത്തെത്തിയത്. ചെന്നൈയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

അവര്‍ ബീഫ് കഴിക്കും, പക്ഷേ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും, ഗോമൂത്രം മരുന്നായി കുടിക്കുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് പ്രസ്താവന. ഒരു വിഭാഗം പറയുന്നത് ബീഫ് അവരുടെ അവകാശമായതിനാല്‍ കഴിക്കുമെന്നാണ്. മറ്റൊരു വിഭാഗം രോഗങ്ങള്‍ ഭേദമാക്കാന്‍ ഗോമൂത്രം ഉപയോഗിക്കുമ്പോള്‍ അവര്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് തമിഴിസൈ സൗന്ദരരാജന്‍ ചോദിച്ചു. വിവാദങ്ങള്‍ അനാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

മ്യാന്‍മര്‍, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ ഔഷധമെന്ന നിലയില്‍ ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്നും ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവര്‍ കൂട്ടിച്ചേര്‍ത്തു. ഗോമൂത്രം് ആയുര്‍വേദ മരുന്നായി കണക്കാക്കപ്പെടുന്നുവെന്നും ഇത് ഗവേഷണത്തിലൂടെ തെളിയിക്കപ്പെടുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന വിവാദ പരാമര്‍ശമാണ് വി കാമകോടി കഴിഞ്ഞ ദിവസം നടത്തിയത്. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു. പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസും ഐഐടി സ്റ്റുഡന്‍സ് യൂണിയനും രംഗത്തെത്തിയിരുന്നു.

പൊങ്കലിനോട് അനുബദ്ധിച്ചുള്ള ഗോപൂജ ചടങ്ങിലായിരുന്നു പരമാര്‍ശം. തന്റെ അച്ഛന് പനി പിടിച്ചപ്പോള്‍ ഒരു സന്യാസിയുടെ അടുക്കല്‍ പോയി. അദ്ദേഹം നല്‍കിയ ഗോമൂത്രം കുടിച്ച് പതിനഞ്ച് മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നെന്നാണ് കാമകോടി പറയുന്നത്. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും ബാക്ടീരിയകളേയും ഫംഗസുകളേയും ഇത് നശിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇന്ത്യയിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിദഗ്ധരില്‍ പ്രധാനിയാണ് വി കാമകോടി. രാജ്യത്തെ ആദ്യ മൈക്രോ പ്രൊസസറായ ശക്തി വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനയായ ആളില്‍ നിന്ന് ആണ് ഇത്തരം പരാമര്‍ശം.

Related Posts

Leave a Reply