India News Kerala News

വാട്ട്‌സ്ആപ്പിന്‍റെ യു.പി.ഐ സേവനങ്ങൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ നാഷണൽ പേയ്‌മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിന്‍റെ യു.പി.ഐ സേവനങ്ങൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ നാഷണൽ പേയ്‌മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ ഉത്തരവ്. വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധിയാണ് ഇതിലൂടെ ഒഴിവാക്കിയത്. മുമ്പ് വാട്‌സ്ആപ്പ് പേക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ പരിമിതി ഉണ്ടായിരുന്നു. 2020ല്‍ വാട്‌സ്ആപ്പ് പേയില്‍ പത്ത് ലക്ഷം ഉപയോക്തൃ പരിധിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അത് 2022ഓടെ 10 കോടി ആയി ഉയര്‍ത്തുകയായിരുന്നു. ഈ പരിധി ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കി. എന്നാൽ പുതിയ തീരുമാനത്തോടെ രാജ്യത്തെ 50 കോടിയിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് യു.പി.ഐ സേവനം നൽകാൻ വാട്ട്‌സ്ആപ്പ് പേക്ക് കഴിയും. എൻ.പി.സി.ഐ വാട്ട്‌സ്ആപ്പ് പേയുടെ പ്രവർത്തനം നിരീക്ഷിക്കുകയും യു.പി.ഐ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പരിധി ഒഴിവാക്കിയത്. പേയ്മെന്റുകള്‍ക്കായി വാട്ട്സ്ആപ്പ് ഒറ്റക്കൊരു ആപ്പ് പുറത്തിറക്കിയിട്ടില്ല, നിലവിൽ ആപ്പില്‍ തന്നെ പേയ്മെന്റുകള്‍ അയയ്ക്കാനും സ്വീകരിക്കാനുമുള്ള ഫീച്ചറാണ് ഇപ്പോൾ ലഭ്യം. ഈ പുതിയ നീക്കം ഇന്ത്യയിലെ യു.പി.ഐ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന വരുത്തുമെന്നാണ് വിലയിരുത്തലുകൾ. നിലവിൽ പണമിടപാടുകളിൽ ആധിപത്യം പുലർത്തുന്ന ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്ഫോമുകൾക്ക് വാട്സ്ആപ്പ് വെല്ലുവിളി ഉയർത്തും. കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പ് വാട്‌സ്ആപ്പാണ് ഇതിലൂടെ പേയ്‌മെന്റുകൾ സൗകര്യപ്രദമാവുകയും ചെയ്യും. മറ്റു യുപിഐ സേവനങ്ങളോട് സമാനമായി റെഗുലേറ്ററി ചട്ടങ്ങളും നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും ബാധകമായ സർക്കുലറുകളും വാട്സ്ആപ്പ് പേയും പാലിക്കേണ്ടതുണ്ടെന്ന് പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

Related Posts

Leave a Reply