ആലപ്പുഴ: വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മൃഗാശുപത്രിയിലേക്ക് മാറ്റിയ നായ ചത്തു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
ചേർത്തലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്. മൃഗാശുപത്രിയിൽ എത്തിച്ച നായ പേവിഷബാധയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരുന്നു. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും തെരുവ് നായകൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വെളളിയാഴ്ചയാണ് ആറ് പേർക്ക് നായയുടെ കടിയേറ്റത്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.ഗംഗാധരൻ, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. ഹരികുമാറിൻ്റെ വയറിലാണ് നായ കടിച്ചത്. രാമചന്ദ്രൻ്റെ കാലിലും കടിയേറ്റു. നായയുടെ കടിയേറ്റ് ഗംഗാധരൻ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. അയൽവാസിയുടെ ബന്ധുവിൻ്റെ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്.