രോമത്തിനു വേണ്ടിയോ, ഭക്ഷണ ആവശ്യങ്ങള്‍ക്കു വേണ്ടിയോ, ഔഷധ ആവശ്യങ്ങള്‍ക്കു വേണ്ടിയോ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിരവധി അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി സയന്‍സ് ജേണലായ നേച്ചര്‍. ചൈനീസ് രോമ ഫാമുകളിലെ 461 മൃഗങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ 125 വ്യത്യസ്ത വൈറസുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ വൈറസുകള്‍ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമാണെന്നും ഇത് പുതിയ പാന്‍ഡെമിക്കുകള്‍ക്ക് കാരണമായേക്കാമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രോമങ്ങള്‍ക്കായി സാധാരണയായി വളര്‍ത്തുന്ന റാക്കൂണ്‍ നായ്ക്കള്‍, മിങ്ക്, കസ്തൂരിമാന്‍ എന്നിവ പോലുള്ള ഇനങ്ങളില്‍ നിരവധി വൈറസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് മനുഷ്യന്റെ ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.