വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. ചെകുത്താന് എന്ന അക്കൗണ്ടിലൂടെ പ്രസിദ്ധനായ തിരുവല്ല സ്വദേശി അജു അലക്സിനെതിരെയാണ് കേസെടുത്തത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
അജു അലക്സ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ധിഖ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ വിഡിയോ ഇയാള്‍ പോസ്റ്റ് ചെയ്യുന്നത്. ദുരന്തഭൂമിയില്‍ യൂണിഫോമിട്ട് മോഹന്‍ലാല്‍ എത്തിയതെന്തിന് എന്ന് ചോദിച്ചായിരുന്നു വിഡിയോയിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. മുന്‍പും പല അതിരുകടന്ന വിമര്‍ശനങ്ങളുടെ പേരില്‍ ഈ പേജിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.