സുൽത്താൻബത്തേരി: വയനാട് മേപ്പാടി ചുളിക്കയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പ്രദേശത്തെ നിരവധി വളർത്ത മൃഗങ്ങളെയാണ് പുലി പിടികൂടിയത്. കൂടുകളും ക്യാമറകളും സ്ഥാപിച്ച് ഉടൻ പുലിയെ പിടികൂടിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കഴിഞ്ഞ ദിവസം ചുളിക്ക ഫാക്ടറിക്ക് സമീപം എത്തിയ പുലി പ്രദേശവാസിയായ കൊളമ്പൻ ഷഹീറിന്റെ പശുവിനെ കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ പത്തിലധികം വളർത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് നിരവധി തവണ പുലിയെ പ്രദേശ വാസികൾ കണ്ടിരുന്നു. വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായി. പുലിയുടെ സാന്നിധ്യം പതിവായതോടെ മേഖലയിലെ ജനജീവിതം ദുസഹമായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും ആളുകൾ പുറത്തിറങ്ങാൻ ഭയക്കുന്നു. കാട്ടാനകളുടെയും കടുവകളുടെയും ശല്യവും പ്രദേശത്ത് രൂക്ഷമാണ്.