വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥിന്റേത് ആത്മഹത്യയല്ലെന്ന് മാതാവ് ഷീബ. സിദ്ധാർഥിന് പഠനത്തിൽ വലിയ താത്പര്യമുണ്ടായിരുന്നുവെന്ന് മാതാവ് പറഞ്ഞു. അവസാന ദിവസങ്ങളിൽ മകൻ ഫോണിൽ അധികം സംസാരിച്ചില്ലെന്ന് ഷീബ പറഞ്ഞു.
സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറക്കാരെന്ന് മാതാവ് ഷീബ പറഞ്ഞു. മുഴുവൻ പ്രതികളും പിടിയിലാകുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് ഷീബ വ്യക്തമാക്കി. സിദ്ധാർഥിന് കാമ്പസിനോട് ഇഷ്ടമായിരുന്നുവെന്നും കോളജിലെ കാര്യങ്ങളെല്ലാം പറയുമായിരുന്നുവെന്നു മാതാവ് പറഞ്ഞു. ഒരു ഡോക്ടറായാലും വൈൽഡ് ഫോട്ടോഗ്രാഫറാകാനും സിദ്ധാർത്ഥിന് ആഗ്രഹമുണ്ടായിരുന്നെന്ന് മാതാവ് പറഞ്ഞു.
സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഫോണിൽ അധികം സംസാരിക്കാതെ വന്നപ്പോൾ സുഹൃത്തുക്കളെ വിളിച്ചിരുന്നു. ഭക്ഷണം വിളമ്പി കൊടുത്തവരും അടുത്തിരുന്ന് കഴിച്ചവരും ഉണ്ടായിരുന്നു എന്നിട്ടും കൂടെയുള്ളവർ സിദ്ധാർത്ഥിന്റെ അവസ്ഥ വിളിച്ചറിയിച്ചില്ല. സംഭവം നേരിൽ കണ്ട ഓരോരുത്തരും കുറ്റക്കാരാണ് അവർ ഓരോരുത്തരും ഒരു കൊലപാതകം ചെയ്തപോലെയാണെന്നും മനസാക്ഷിയില്ലേയെന്നും ഷീബ പറഞ്ഞു.
അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രധാന പ്രതികളിൽ ഒരാളായ അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അക്രമത്തിന് നേതൃത്വം നൽകിയ 12 പേരിൽ ഒരാളാണ് പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ പ്രസിഡന്റ് അരുൺ എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്. ഈ മാസം 14 മുതൽ 18 ഉച്ച വരെ സിദ്ധാർത്ഥൻ ക്രൂര മർദനത്തിന് ഇരയായെന്നാണ് ദൃക്‌സാക്ഷിയായ വിദ്യാർത്ഥി പറഞ്ഞത്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
