അമേരിക്കയിലെ കേസിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് വൻ തിരിച്ചടി. ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞതോടെ അദാനിയുടെ സമ്പത്തും കുറഞ്ഞു. ഒറ്റ ദിവസം കൊണ്ട് 20 ശതമാനത്തോളമാണ് ഇടിവ് സംഭവിച്ചത്. 2023-ൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ശേഷം അദാനി ഓഹരികൾക്ക് സംഭവിക്കുന്ന ഏറ്റവും മോശം തിരിച്ചടിയാണ് ഇപ്പോഴത്തേത്.
ഇന്ന് അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരി മൂല്യം 20% ഇടിഞ്ഞു. അദാനി എനർജി സൊല്യൂഷൻസിനും 20 ശതമാനം ഇടിവുണ്ടായി. അദാനി ഗ്രീൻ എനർജി 19.17%, അദാനി ടോട്ടൽ ഗ്യാസ് 18.14%, അദാനി പവർ 17.79%, അദാനി പോർട്ട്സ് 15%, അംബുജ സിമൻ്റ്സ് 14.99%, എസിസി 14.54%, എൻഡിടിവി 14.37% ഇടിഞ്ഞു, അദാനി വിൽമർ 10% എന്നിങ്ങനെ ഓഹരി മൂല്യം ഇടിഞ്ഞു. മുഴുവൻ അദാനി ഓഹരികളുടെയും മൊത്തം വിപണി മൂല്യം 2.24 ലക്ഷം കോടി രൂപ കുറഞ്ഞ് 12 ലക്ഷം കോടി രൂപയായിലെത്തി.
ഇന്ത്യയിൽ സർക്കാരിൽ നിന്ന് പദ്ധതികൾ ലഭിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 2029 കോടി രൂപ കൈക്കൂലി നൽകിയെന്നും, ഇത് കാട്ടി അമേരിക്കക്കാരെ കബളിപ്പിച്ച് നിക്ഷേപം തട്ടിയെന്നുമാണ് അദാനി കമ്പനിക്കെതിരായ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ അന്വേഷണ റിപ്പോർട്ട് വിശകലനം ചെയ്ത് ഇനി ഗ്രാൻ്റ് ജൂറി അനുമതി നൽകിയാൽ കോടതി വിചാരണ നടപടികളിലേക്ക് കടക്കും. കേസിൽ അദാനിയടക്കം എട്ട് പേരാണ് പ്രതികൾ. ഒന്നാം പ്രതി ഗൗതം അദാനിയാണ്. കേസിന് പിന്നാലെ കെനിയയിലെ വിമാനത്താവള നടത്തിപ്പിനും മൂന്ന് വൈദ്യുത ലൈനുകൾ സ്ഥാപിക്കാനുമായി ഒപ്പുവെച്ച കരാറുകൾ അദാനി ഗ്രൂപ്പിന് നഷ്ടമായി.