India News Sports

വനിത ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് 106 റണ്‍സിന്റെ വിജയ ലക്ഷ്യം

വനിത ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് 106 റണ്‍സിന്റെ വിജയ ലക്ഷ്യം നല്‍കി പാകിസ്താന്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിന് മുന്നില്‍ സ്‌കോര്‍ മുന്നോട്ട് നീക്കാന്‍ ശരിക്കും പാടുപ്പെട്ടു. 105 രണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. അരുന്ധതി റെഡ്ഡിക്ക് മൂന്ന് വിക്കറ്റും ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റും നേടാനായപ്പോള്‍ മലയാളി താരം ആശ ശോഭന, രേണുക സിങ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വിതം എടുത്തു.

34 ബോളില്‍ നിന്ന് 28 റണ്‍സെടുത്ത് നിദ ദര്‍ മാത്രമാണ് പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. വിക്കറ്റ് കീപ്പര്‍ മുനീബ അലി 26 ബോളില്‍ നിന്ന് 17 ഉം ക്യാപ്റ്റന്‍ ഫാത്തിമ സന എട്ട് ബോളില്‍ നിന്ന് പതിമുന്നും സെയ്ദ അരൂപ് ഷാ 17 ബോളില്‍ നിന്ന് 14 ഉം എടുത്താണ് സ്‌കോര്‍ നൂറ് കടത്തിയത്. മൂന്ന് ബോള്‍ നേരിട്ട ടുബ ഹസന് ഒരു റണ്‍സ് പോലും എടുക്കാനാകാതെ ക്രീസ് വിടേണ്ടി വന്നു.

കേരളത്തിന് സന്തോഷമുണ്ടാക്കുന്ന ഒരു മാറ്റം ഇന്ന് ഇന്ത്യ വരുത്തിയിരുന്നു. പൂജ വസ്ത്രകര്‍ക്ക് പകരമായി മലയാളി താരം സജന സജീവന്‍ ആദ്യ ഇലവനിലെത്തി. വനിതാ ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജ്‌ന. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരം കളിച്ച ആശ ശോഭനയാണ് മറ്റൊരു താരം. ആശയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ച വെച്ചത്. റണ്‍സ് അധികം വിട്ടുനല്‍കാതെ തന്നെ ഒരു വിക്കറ്റ് വീഴ്ത്താന്‍ താരത്തിനായി. പതറിയായിരുന്നു പാകിസ്താന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ റണ്‍സൊന്നുമില്ലാതെ ഗുല്‍ ഫെറോസയെ നഷ്ടമായി. രേണുക സിങിനായിരുന്നു വിക്കറ്റ്.

Related Posts

Leave a Reply