Kerala News

വണ്ടിപ്പെരിയാർ കേസിലും വാളയാർ കേസിലും പ്രതികൾ രക്ഷപ്പെട്ടത് സിപിഐഎമ്മുകാരായതുകൊണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

ഇടുക്കി: വണ്ടിപ്പെരിയാർ കേസിലും വാളയാർ കേസിലും പ്രതികൾ രക്ഷപ്പെട്ടത് സിപിഐഎമ്മുകാരായതുകൊണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളും സമരസമിതി പ്രവർത്തകരും വണ്ടിപ്പെരിയാറിലെ വീട്ടിലെത്തിയിരുന്നു. വാളയാർ കേസിൽ തങ്ങൾ സ്വീകരിച്ച നിയമ നടപടികൾ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തെ ബോധ്യപ്പെടുത്തി. കുടുംബം ആവശ്യപ്പെട്ടാൽ എല്ലാവിധ സഹായവും ചെയ്തു നൽകുമെന്നും വാളയാർ പെൺകുട്ടികളുടെ മാതാവ് പറഞ്ഞു. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. വണ്ടിപ്പെരിയാറിൽ നേരിട്ട് എത്തി പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ വേണ്ടിയുള്ള നിയമ പോരാട്ടത്തിന് എല്ലാവിധ സഹായവും ചെയ്തു നൽകും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കെപിസിസിയുടെ തീരുമാനമെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം വണ്ടിപ്പെരിയാർ കേസിൽ പൊലീസ് വീഴ്ച ആരോപിച്ച് പ്രതിഷേധം ശക്തമാവുകയാണ്. യുവമോർച്ചയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. യുവമോർച്ച പ്രവർത്തകർ ഒരു മണിക്കൂറോളം കൊട്ടാരക്കര- ദിണ്ടുഗൽ ദേശീയപാത ഉപരോധിച്ചു. യുവമോർച്ചയുടെ മാർച്ചിന് മുന്നേ കേരള മഹിളാ സംഘം നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അന്വേഷണത്തിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ കുറ്റപ്പെടുത്തി.

Related Posts

Leave a Reply