Kerala News

വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി.

കല്‍പ്പറ്റ: വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ പേരെടുത്ത് പറയാതെ സുരേഷ് ഗോപി സൂചിപ്പിച്ചത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് പരാമര്‍ശം.

‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ്. ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കും. ഞങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. ജാതിയും മതവും നോക്കാതെ, പ്രജയാണ് ദൈവം എന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണക്കണം. മുനമ്പത്ത് മാത്രമല്ല, ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല, മറിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒന്നാകെ സംരക്ഷിക്കാനാണ് നരേന്ദ്ര മോദി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം നവ്യ ഹരിദാസിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കി കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നവ്യയെ കേന്ദ്ര മന്ത്രിയാക്കാന്‍ ഡല്‍ഹിയില്‍ പോരാട്ടം നടത്തുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കിയാണോ ട്രംപ് ജയിച്ചതെന്നും പൂരം കലക്കിയാണ് സുരേഷ് ഗോപി വിജയിച്ചതെന്ന ആരോപണങ്ങളെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. എല്ലാത്തിനേയും ആ മട്ടില്‍ കാണുന്ന പ്രതിപക്ഷമാണ് ഇന്ത്യയില്‍. തങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശ്ശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. ചിലര്‍ പറയുന്നത് പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല, അങ്ങനെയാണെങ്കില്‍ ട്രംപ് ഏതൊക്കെ പൂരം കലക്കിയാണ് ജയിച്ചത്. കേരള പൊലീസിനെ കേസെടുക്കാന്‍ അങ്ങോട്ടേക്ക് അയക്കൂവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply