വാഷിങ്ടൺ: ലോകത്തെ ആദ്യ കൊമേഴ്ഷ്യൽ സ്പേസ് വാക്ക് ആയ പൊളാരിസ് ഡോൺ ദൗത്യം പൂർത്തിയാക്കി സംഘം സുരക്ഷിതമായി മടങ്ങിയെത്തി. ഫ്ലോറിഡ തീരത്ത് സംഘത്തെ വഹിച്ചുകൊണ്ട് പൊളാരിസ് ഡോൺ ക്രൂ ക്യാപ്‌സൂൾ സുരക്ഷിതമായി കടലിൽ ലാൻഡ് ചെയ്തു അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാൻ അടക്കമുള്ള നാലംഗ സംഘമാണ് ദൗത്യത്തിനുണ്ടായിരുന്നത്. ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കി ചരിത്രമെഴുതിയാണ് സംഘത്തിന്റെ മടക്കം.
ജാറെഡ് ഐസക്മാനൊപ്പം മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരായിരുന്നു മറ്റ് ദൗത്യ സംഘാംഗങ്ങൾ. സ്പേസ് എക്‌സിലെ മെഡിക്കൽ വിദഗ്ധനും ഇന്ത്യൻ വംശജനുമായ ഡോ. അനിൽ മേനോന്റെ ഭാര്യയാണ് അന്ന മേനോൻ.