Entertainment Kerala News

ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയ നടി മിനു മുനീര്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും

കൊച്ചി: ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയ നടി മിനു മുനീര്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖറിനെതിരെയുമാണ് പരാതി നല്‍കുക.

സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയില്‍ മുഖാന്തരമാകും പരാതി അയക്കുക. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ മിനുവിനെ ബന്ധപ്പെട്ടു. പരാതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് നടി. മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ആദ്യ സിനിമാ പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്. ശാരീരിക മാനസ്സിക പ്രശ്‌നങ്ങള്‍ സഹിക്കാനാകാതെ വന്നതോടെ മലയാള സിനിമയില്‍ നിന്ന് തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് ചെന്നൈയിലേക്ക് മാറേണ്ടി വന്നെന്നും മിനു പറയുന്നു.

പല സന്ദര്‍ഭങ്ങളിലായാണ് പീഡനം നേരിട്ടത്. ലൊക്കേഷനില്‍ വച്ചാണ് ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റില്‍ വച്ച് മോശമായ രീതിയില്‍ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എഎംഎംഎയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താന്‍ അറിയാതെ നുഴഞ്ഞ് എഎംഎംഎയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താന്‍ അറിയാതെ ഒന്നും മലയാള സിനിമയില്‍ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് എഎംഎംഎയിലെ കമ്മറ്റി മെമ്പേഴ്‌സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക്കാര്യം അറിയിച്ചത്.

ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ജയസൂര്യയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായി. ആദ്യ ചിത്രമായ ‘ദേ ഇങ്ങോട്ട് നോക്കിയെ’ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്.

എഎംഎംഎയിലെ അംഗത്വത്തിന് ശ്രമിച്ചപ്പോള്‍ ഇടവേള ബാബു മോശമായി പെരുമാറിയെന്നും മിനു ആരോപിച്ചു. എഎംഎംഎയിലെ കമ്മിറ്റി അംഗങ്ങളെ ഗൌനിക്കാതെ അംഗത്വം നല്‍കില്ലെന്ന് മുകേഷും പറഞ്ഞു. മുകേഷ് പലതവണ അപ്രോച്ച് ചെയ്തു. ഒരു തവണ റൂമിലേക്ക് വന്നു, മോശമായി പെരുമാറാന്‍ ശ്രമിച്ചു. താന്‍ ഒഴിഞ്ഞുമാറിയെന്നും മിനു മുനീര്‍ പറഞ്ഞു. തനിക്ക് ഒരിക്കലും എഎംഎംഎയില്‍ അംഗത്വം ലഭിക്കില്ലെന്ന് മനസ്സിലായി. ഇതോടെ മലയാള സിനിമ വിട്ട് പോകുകയായിരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ മോശമായി സംസാരിച്ചു. നടനും നിര്‍മ്മാതാവുമായ മണിയണ പിള്ള രാജുവും മോശമായി സംസാരിച്ചു. തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയില്‍ സ്വകാര്യമായ കാര്യങ്ങള്‍ ചോദിച്ചു. ആഷിഖ് അബു ചിത്രം ഡാ തടിയയുടൈ ചിത്രീകരണത്തിനിടയിലും മണിയന്‍പിള്ള രാജു തന്നെ മോശം ഉദ്ദേശത്തോടെ സമീപിച്ചതായും മിനു വെളിപ്പെടുത്തി. മണിയന്‍പിള്ള രാജു തന്റെ ഡോറില്‍ തട്ടി. തുറക്കാതിരുന്നതിനാല്‍ പിറ്റേ ദിവസം സെറ്റില്‍ വെച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വ്യക്തമാക്കി.

Related Posts

Leave a Reply