മാനന്തവാടി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ അടക്കമുള്ള ലഹരി സുരക്ഷിതമായി എത്തിക്കാനായുള്ള മയക്കുമരുന്ന് സംഘത്തിൽ മലയാളികളോടൊപ്പം കര്‍ണാടകയില്‍ നിന്നുള്ള സംഘവും. യുവതികള്‍ വരെ ഇത്തരം സംഘങ്ങളില്‍ കണ്ണിചേരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്നതിനിടെ നിരവധി യുവതികളാണ് വയനാട്ടിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പിടിയിലായിട്ടുള്ളത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ബാവലി ചെക്പോസ്റ്റില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെ പിടിയിലായ മയക്കുമരുന്ന് കടത്തുസംഘത്തില്‍ ഒരു യുവതിയടക്കമുള്ള കര്‍ണാടക സ്വദേശികളും ഉണ്ടായിരുന്നു. 32.78ഗ്രാം എം.ഡി.എം.എയുമായി നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ഹാസ്സന്‍ എച്ച്. ഡി കോട്ട ചേരുനംകുന്നേല്‍ വീട്ടില്‍ എന്‍.എ. അഷ്ക്കര്‍(27), അഫ്നന്‍ വീട്ടില്‍, എം. മുസ്ക്കാന(24) എന്നീ കര്‍ണാടക സ്വദേശികളും കല്‍പ്പറ്റ അമ്പിലേരി പുതുക്കുടി വീട്ടില്‍ പി. കെ. അജ്മല്‍ മുഹമ്മദ്(29), കല്‍പ്പറ്റ, ഗൂഡാലയിക്കുന്ന്, പള്ളിത്താഴത്ത് വീട്ടില്‍, ഇഫ്സല്‍ നിസാര്‍(26) എന്നിവരുമാണ് തിരുനെല്ലി പൊലീസിന്റെ പിടിയിലായത്.
വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എ ഇവര്‍ ബാംഗ്ലൂരില്‍ നിന്ന് വാങ്ങി ചില്ലറ വില്‍പ്പനയും സ്വന്തം ഉപയോഗവും ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തുകയായിരുന്നു. ഒന്നിന് വൈകീട്ടോടെയായിരുന്നു സംഭവം. ബാവലി-മീന്‍കൊല്ലി റോഡ് ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് സംഘം വലയിലായത്. കര്‍ണാടകയില്‍ നിന്നും കാട്ടിക്കുളം ഭാഗത്തേക്ക് ഓടിച്ചു വന്ന KA -53-Z-2574 നമ്പര്‍ സിഫ്റ്റ് കാറിന്റെ ഡാഷ്ബോക്സിനുള്ളില്‍ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. തിരുനെല്ലി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ലാല്‍ സി.ബേബി, എസ്.ഐ സജിമോന്‍ പി. സെബാസ്റ്റ്യന്‍, സി.പി.ഒമാരായ ഹരീഷ്, നിധീഷ്, ഷാലുമോള്‍ എന്നിവരാണ് വാഹന പരിശോധന നടത്തിയത്.