Kerala News Top News

‘ലഭിക്കാനുള്ള 84 ലക്ഷം തരുന്നില്ല, ജീവിതം വഴിമുട്ടിയ അവസ്ഥയിൽ’; ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകൻ

ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചത്. 84 ലക്ഷം രൂപയാണ് ജോഷിയുടെ കണക്കുപ്രകാരം കരുവന്നൂർ ബാങ്കിൽ നിന്ന് ലഭിക്കാൻ ഉള്ളത്. എന്നാൽ പണം മടക്കി നൽകാത്തതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിൽ എന്ന് ജോഷി പറയുന്നു.

രണ്ടുതവണ ബ്രെയിൻ ട്യൂമർ ബാധിച്ച ജോഷിയെ 20ലധികം തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ചികിത്സയ്ക്കു ഉൾപ്പെടെ പണമില്ലാതെ പ്രതിസന്ധിയിൽ ആയതോടെ പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നിക്ഷേപത്തുക മടക്കി നൽകിയിരുന്നില്ല. പണം മടക്കി നൽകുന്നതിനായി കോടതി ഉൾപ്പെടെ ജോഷി സമീപിച്ചതോടെ സമൂഹത്തിൽ തീർത്തും ഒറ്റപ്പെടുത്തുന്ന സമീപനമാണ് സിപിഐഎം സ്വീകരിച്ചതെന്നാണ് ആക്ഷേപം.

ഈ സാഹചര്യത്തിൽ പണം മടക്കി നൽകാൻ സാധിച്ചില്ലെങ്കിൽ ദയാവധത്തിന് അനുവദിക്കണമെന്നാണ് ജോഷിയുടെ ആവശ്യം. സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും മാപ്രാണം സ്വദേശി ജോഷി ആരോപിക്കുന്നു. ബാങ്കിന്റെ കണക്കുപ്രകാരം 72 ലക്ഷം രൂപയാണ് ജോഷിക്ക് ലഭിക്കാൻ ഉള്ളത്.

Related Posts

Leave a Reply