Kerala News

റേഷൻവിതരണം ഇനി പുതിയ രീതിയിൽ; ഉപഭോക്താക്കൾ‌ ഇക്കാര്യം ശ്രദ്ധിക്കുക

ആലപ്പുഴ: റേഷൻവിതരണരീതി സംസ്ഥാന സർക്കാർ പരിഷ്‌കരിച്ചു. രണ്ടുഘട്ടമായിട്ടായിരിക്കും വിവിധ വിഭാഗങ്ങൾക്കുള്ള റേഷൻ ഇനി നൽകുക. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് (മുൻഗണനവിഭാഗം) എല്ലാ മാസവും 15നു മുമ്പും നീല, വെള്ള കാർഡ് ഉടമകൾക്ക് (പൊതുവിഭാ​ഗം) 15നു ശേഷവുമായിരിക്കും റേഷൻ വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനം റേഷൻ കടകളിൽ അനുഭവപ്പെടുന്ന തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണു നടപടി.

എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമെന്നതായിരുന്നു നിലവിലുണ്ടായിരുന്ന അവസ്ഥ. റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. അതേസമയം, പുതിയ രീതി നടപ്പാകുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷൻവ്യാപാരികൾ പറയുന്നത്.

15നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല. 15 കഴിഞ്ഞാൽ നൽകാനാവില്ലെന്ന നിലപാടിൽ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാൽ അത് ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകും. അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് എൻ പി ഐ റേഷൻകാർഡുകളാണ് നിലവിലുള്ളത്. ഇവർക്കുള്ള റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

Related Posts

Leave a Reply