Entertainment Kerala News

‘റൂമിലേക്ക് വിളിച്ചുവരുത്തി, കഴുത്തിലും മുടിയിലും തലോടി’; സംവിധായകൻ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണം

തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി ബം​ഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.

പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറയുന്നു.

അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദിവസങ്ങൾ നീണ്ട മൗനം വെടിഞ്ഞ് എഎംഎംഎ രം​ഗത്തെത്തിയിരുന്നു. റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. . ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല. സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയർന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ ജ​ഗദീഷ് വ്യക്തമാക്കി. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. നടിമാർ വാതിൽ മുട്ടിയെന്ന് പറയുമ്പോൾ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇരയുടെ പേര് ഒഴിവാക്കാം. വേ‌ട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. പേജുകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കമ്മിറ്റി റിപ്പോർട്ടിന് ഭിന്ന അഭിപ്രായവുമായായിരുന്നു നടി ജോമോള്‍ രം​ഗത്തെത്തിയത്. വർഷങ്ങളായി താൻ സിനിമയിൽ പ്രവർത്തിച്ചുവരികയാണ്. തന്റെ അനുഭവത്തിൽ ആരും മോശമായി സംസാരിക്കുകയോ കതകിൽ വന്ന് മുട്ടുകയോ കൂടെ സഹകരിച്ചാൽ മാത്രമേ അഭിനയിക്കാൻ ചാൻസുള്ളുവെന്നോ പറഞ്ഞിട്ടില്ലെന്നായിരുന്നു ജോമോളിന്റെ പ്രതികരണം.

Related Posts

Leave a Reply