യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
ഇന്ന് പന്ത്രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. രാഹുലിന്റെ അറസ്റ്റിൽ പ്രതിഷധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് കോൺഗ്രസ്.
സർക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിന് മുന്നിൽ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
വഞ്ചിയൂർ കോടതിയാണ് രാഹുലിന്റെ ജാമ്യം തള്ളിയത്. സെക്രട്ടേറിയറ്റ് സമരത്തില്‍ മുന്നില്‍ നിന്ന് നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പ്രോസിക്യൂഷന് കോടതിയിൽ പറഞ്ഞു. കേസിലെ ഒന്നാം പ്രതി പ്രതിപക്ഷ നേതാവാണെങ്കിലും അദ്ദേഹം സമരത്തിന് നേതൃത്വം നല്കി മുന്നിലുണ്ടായിരുന്നില്ല. പ്രതിഷേധത്തിനിടെ രാഹുല്‍ പൊലീസുകാരുടെ കഴുത്തിലും ഷീല്‍ഡിലും അടക്കം പിടിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോട്ടോകളും വിജിയോകളും പ്രോസിക്യൂഷന് കോടതിയില്‍ തെളിവായി ഹാജരാക്കി. നേതൃത്വം എന്ന നിലയില്‍ അക്രമത്തില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള ഉത്തരവാദിത്തം രാഹുലിനുണ്ടായിരുന്നു. എന്നാല്‍ അത് ചെയ്തില്ലെന്നും പ്രോസിക്യൂഷന് പറഞ്ഞു.