രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉന്നതിയിലേക്ക് നയിക്കുന്ന, ഒബിസി വിഭാഗത്തില്‍പ്പെട്ട ഒരു പ്രധാനമന്ത്രിയാണ് കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തുള്ളതെന്ന് അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒബിസി സമുദായത്തിന്റെ സ്വാധീനം ദുര്‍ബലമാക്കാന്‍ അതിനെ ചെറു ജാതി വിഭാഗങ്ങളായി വിഭജിക്കുകയും സമുദായത്തിന്റെ ഏകീകൃത സ്വത്വം ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിഭജന തന്ത്രങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തകര്‍ക്കാനും നശിപ്പിക്കാനുമുള്ള കോണ്‍ഗ്രസിന്റെ രഹസ്യ അജണ്ടയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒത്തൊരുമിച്ചാണെങ്കില്‍ നാം സുരക്ഷിതരായിരിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.