Kerala News

രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ ലൈവ് ആയി മോഷ്ടാക്കളെ പൊലീസ് പൊക്കി.

മാനന്തവാടി: രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ ലൈവ് ആയി മോഷ്ടാക്കളെ പൊലീസ് പൊക്കി. തിരുനെല്ലി കാട്ടിക്കുളം ടൗണിലായിരുന്നു സംഭവം. കോഴിക്കോട്, കാപ്പാട് കോയാസ് കോട്ടേജ് മുഹമ്മദ് മന്‍സൂര്‍(22), വയനാട് നായിക്കട്ടി ഇല്ലിക്കല്‍ വീട്ടില്‍ കിഷോര്‍(19) എന്നിവരെയാണ് നൈറ്റ് പട്രോളിങ്ങിനിടെ തിരുനെല്ലി പൊലീസ് പിടികൂടിയത്. 

രാത്രി കടയടച്ചതിന് ശേഷമെത്തിയ മോഷ്ടാക്കള്‍ ബോര്‍ഡ് കൊണ്ട് നി‍ര്‍മിച്ച ഭിത്തി പൊളിച്ച് കടയുടെ അകത്തുകയറുകയായിരുന്നു. കാട്ടിക്കുളം ടൗണിലുള്ള വെജ്മാര്‍ട്ട് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ആളനക്കം കേട്ട് സംശയം തോന്നിയ ടൗണിലെ രാത്രികാല സെക്യൂരിറ്റിയായ സന്തോഷാണ് ഉടന്‍ പൊലീസിനെ വിളിച്ചുവരുത്തിയത്. വിവരമറിഞ്ഞയുടന്‍ സമീപ പ്രദേശങ്ങളില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. 

സ്ഥാപനം വളഞ്ഞ ശേഷം ഉടമസ്ഥനെ വിളിച്ചു വരുത്തി ഗ്രില്‍ തുറന്ന് പോലീസ് സംഘം അകത്തുകയറിയാണ് യുവാക്കളെ പിടികൂടിയത്. കടക്കുള്ളില്‍ കടന്ന പ്രതികള്‍ മേശ വലിപ്പില്‍ നിന്നും 67000 രൂപയിലധികം മോഷണം നടത്തിയിരുന്നെങ്കിലും പുറത്ത് ശബ്ദം കേട്ടതോടെ പണം ചാക്കിനിടയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചു. എസ്ഐ എന്‍. ദിജേഷ്, എ.എസ്.ഐ സൈനുദ്ധീന്‍, സി പി ഒ അഭിജിത്ത് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Posts

Leave a Reply