Kerala News

യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം: മകന്റെ തിരോധാനത്തിൽ ദുരൂഹതയെന്ന് അമ്മ

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ. യുവാവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. നീന്തൽ വശമുള്ള മകൻ ഒഴുക്കിൽപ്പെട്ടതല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നും യുവാവിന്റെ അമ്മ പറഞ്ഞു.

2023 ഒക്ടോബർ ഒന്നിനാണ് പത്തനംതിട്ട തലച്ചിറ സ്വദേശി 24 വയസ്സുള്ള സംഗീതിനെ കാണാതായത്. സുഹൃത്തും അയൽവാസിയുമായ പ്രദീപിനോടൊപ്പം സംഗീത് ഓട്ടോറിക്ഷയിൽ വടശ്ശേരിക്കരയ്ക്ക് സമീപം ഇടത്തറയിൽ ഒരു കടയിൽ എത്തിയതായി വ്യക്തമായിരുന്നു. സമീപത്തെ തോട്ടിലേക്ക് സംഗീത് വീണു എന്നാണ് സംശയം എന്ന് സുഹൃത്ത് പ്രദീപ് പൊലീസിന് മൊഴി നൽകിയിരുന്നു. ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും സംഗീതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. മകനെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് സംഗീതിന്റെ അമ്മ ജെസ്സി പറഞ്ഞു.

തോടിന് സമീപത്തുനിന്ന് വലിയ ശബ്ദം താൻ കേട്ടതായും തെരച്ചിൽ നടത്തിയിട്ട് ആളെ കണ്ടെത്താനായില്ലെന്നും കടയുടമ എബ്രഹാം മാത്യു പറഞ്ഞു. സംഗീത് തോട്ടിൽ വീണത് താൻ കണ്ടിട്ടില്ലെന്നും വെള്ളത്തിൽ ഒഴുകിപ്പോയതായി സംശയിക്കുന്നുണ്ടെന്നും സംഗീതിന്റെ സുഹൃത്ത് പ്രദീപ് പറഞ്ഞു. സംഗീതിന്റെ മൊബൈൽ ഫോൺ പ്രദീപിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. മകന് നീന്താൻ നല്ല വശമുണ്ടെന്നും തോട്ടിൽ വീണ് മകനെ കാണാതായെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് സംഗീതിന്റെ അമ്മ ജെസ്സി പറയുന്നത്. ജില്ലാപൊലീസ് മേധാവിയ്ക്ക് ജെസ്സി പരാതി നൽകിയിട്ടുണ്ട്.

Related Posts

Leave a Reply