യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഹരിയാന പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തപ്പോൾ സുരക്ഷിതമായ ഇടത്തിലേക്ക് മാറുന്നതിനിടെ വെടിയേറ്റ് മരണപ്പെടുകയായിരുനു എന്ന് ദൃക്സാക്ഷി കൽദീപ് സിംഗ് പ്രതികരിച്ചു. പഞ്ചാബിലേക്ക് ഇരച്ചുകയറിയാണ് ഹരിയാന പൊലീസ് വെടിയുതിർത്തത്.
കർഷകൻ ശുഭ്കരണിന്റെ കൊലപാതകത്തിൽ കർഷക സംഘടനകൾ ദേശീയ തലത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് കരിദിനം ആചരിക്കും. തിങ്കളാഴ്ച ദേശീയതലത്തിൽ ട്രാക്ടർ മാർച്ച് നടത്തും. അടുത്തമാസം 14ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
ഹരിയാന പൊലീസിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. നിർത്തിവെച്ച ഡൽഹിയിലെ ഡൽഹി ചലോ നാളെ പുനരാരംഭിച്ചേക്കും. ശംഭു, ഖനൗരി അതിർത്തിയിൽ നിലവിൽ സമാധാനപരമാണ് കർഷകരുടെ സമരം.