Kerala News

യുപിയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ

നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഡിയോറിയയിലെ രുദ്രപൂർ കോട്വാലി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആട് മേയ്ക്കാൻ പോയ സഹോദരിയുടെ അടുത്തേക്ക് പോകുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കൾ ജോലിക്ക് പോയതിനാൽ പെൺകുട്ടിയും മൂത്ത സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയോടെ നാലുവയസുകാരിയെ ഉറക്കിയശേഷം സഹോദരി സമീപത്തെ പറമ്പിലേക്ക് ആട് മേയ്ക്കാൻ പോയി. പിന്നീട് ഉറക്കമുണർന്ന പെൺകുട്ടി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു. വഴിയിൽ അതേ ഗ്രാമത്തിൽ നിന്നുള്ള 14 കാരൻ കുട്ടിയെ വശീകരിച്ച് വയലിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ബലാത്സംഗം ചെയ്യുകയും പെൺകുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു. ചോരയിൽ കുളിച്ച് അവശയായ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി സംഭവം അമ്മയോട് പറഞ്ഞു. കുട്ടിയെ ഉടൻ ഗൗരിബസാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. നില ഗുരുതരമായതോടെ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. പിന്നീട് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയായ കൗമാരക്കാരനെ പിടികൂടി ജുവനൈൽ ഹോമിലേക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഡിയോറിയ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ്മ പറഞ്ഞു.

Related Posts

Leave a Reply