Kerala News

മൂന്നംഗ സംഘം ബൈക്കിലെത്തി, പിന്നാലെ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം, പ്രതികള്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദനം. പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സിലെ ജീവനക്കാരനായ അസ്ലമിനെയാണ് മര്‍ദിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ മൂന്നുപേരില്‍ ഒരാള്‍ അസ്ലമിന്‍റെ സമീപത്തേക്ക് വന്ന് ചാടി അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പ്രകോപനമൊന്നുമില്ലാതെ പലതവണ മര്‍ദ്ദിക്കുകയായിരുന്നു. പമ്പിലെ മറ്റൊരു ജീവനക്കാര്‍ കൂടി വന്നതോടെ അക്രമികള്‍ പോയെങ്കിലും പിന്നീട് വീണ്ടും മര്‍ദിക്കാനായി എത്തി. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മര്‍ദനമേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തി അസ്ലമിന്‍റെ മൊഴിയെടുത്തു. അക്രമം നടത്തിയയാളുമായി അസ്ലമിന് നേരത്തെ മുന്‍ പരിചയമുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുമ്പും പലയിടത്തും പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. പെട്രോള്‍ പമ്പുകള്‍ക്കുനേരെയുള്ള ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് പുതുവത്സര തലേന്ന് രാത്രി എട്ടു മുതല്‍ പിറ്റേന്ന് പുലര്‍ച്ചവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. 

Related Posts

Leave a Reply