എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി വനിതാ ഡോക്ടർ. 2019ൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായി ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു. വനിതാ ഡോക്ടറിൽ നിന്ന് വിവരം തിരക്കി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഡോക്ടറുടെ പരാതി പൊലീസിന് കൈമാറുമെന്നും സൂപ്രണ്ട് പറഞ്ഞു. സീനിയർ ഡോക്ടറിനെതിരെ തൊട്ടടുത്ത ദിവസം മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതി നൽകിയതായി വനിത ഡോക്ടർ പറഞ്ഞു. തന്നെ അപമാനിച്ച ഡോക്ടർ നിലവിൽ ജനറൽ ആശുപത്രിയിൽ നിന്ന് സ്ഥലം മാറി പോയതോടെയാണ് പോസ്റ്റിട്ടതെന്നും ഡോക്ടർ വിശദീകരിക്കുന്നു.