മുംബൈ: മുണ്ടും ഷര്‍ട്ടും ധരിച്ച് റസ്റ്റോറന്റില്‍ പ്രവേശിക്കവെ കയറാന്‍ സമ്മതിക്കാതെ ഇറക്കിവിട്ടുവെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശി. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുളള ജുഹുവിലെ വണ്‍ 8 കമ്യൂണ്‍ എന്ന റസ്റ്റോറന്റിനെതിരെയാണ് ആരോപണം. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഒരു മില്ല്യണിലധികം പേരാണ് കണ്ടത്.
മുംബൈയില്‍ എത്തിയതിന് പിന്നാലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിന് ചെയ്തു. ശേഷം ഒട്ടും സമയം കളയാതെ ജുഹുവിലുള്ള റെസ്റ്റോറന്റിലേക്ക് എത്തുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. തമിഴ്നാട്ടിലെ പ്രധാന വേഷമായ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് യുവാവ് റെസ്റ്റോറന്റില്‍ എത്തിയത്. എന്നാല്‍ വേഷം കണ്ട് റെസ്റ്റോറന്റിനുള്ളിലേക്ക് കടക്കാന്‍ പോലും സ്റ്റാഫ് അനുവദിച്ചില്ല. റെസ്റ്റോറന്റിന്റെ ഡ്രെസ് കോഡിന് ചേരുന്നതല്ല യുവാവ് ധരിച്ചതെന്നായിരുന്നു ലഭിച്ച വിശദീകരണം.
വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചിലര്‍ ഇത് പ്രത്യേക വേഷവിധാനത്തോടുള്ള അവഗണനയാണെന്ന് പ്രതികരിച്ചപ്പോള്‍ മറ്റുചിലര്‍ റെസ്റ്റോറന്റിന്റെ ഡ്രെസ് കോഡാണെന്നും അത് പാലിക്കണമെന്നും അഭിപ്രായപ്പെട്ടു.