Kerala News

മുട്ടയിടുന്ന അഞ്ഞൂറോളം താറാവുകളെ തെരുവുനായകൾ കടിച്ചു കൊന്നുവെന്ന് പരാതി

അരൂർ: മുട്ടയിടുന്ന അഞ്ഞൂറോളം താറാവുകളെ തെരുവുനായകൾ കടിച്ചു കൊന്നുവെന്ന് പരാതി. തിങ്കളാഴ്ച രാത്രിയിലാണ് തെരുവുനായക്കൂട്ടം കൂടിന്റെ വാതിലിന്റെ കയർ കടിച്ചു പൊട്ടിച്ച് ഉള്ളിൽ കയറി താറാവുകളെ ആക്രമിച്ചതെന്ന് ഉടമ പറഞ്ഞു. അരൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ചന്തിരൂർ കളപുരക്കൽ കെ കെ പുരുഷോത്തമന്റേതാണ് ഈ താറാവുകള്‍.

അയല്‍വാസിയുടെ വീട്ടിൽ തമ്പടിക്കുന്ന പത്തോളം നായകളാണ് താറാവുകളെ കടിച്ചുകൊന്നതെന്ന് ഉടമ പുരുഷോത്തമൻ പറഞ്ഞു. ഇവിടെ നിന്ന് നായകൾ കടിച്ചു കൊന്ന താറാവിനെ കണ്ടെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ അയല്‍വാസി രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ഹോട്ടൽ അവശിഷ്ടങ്ങൾ കൊണ്ടുവന്ന് നായകള്‍ക്ക് കൊടുക്കാറുണ്ട്. അങ്ങനെ പട്ടികൾ അവിടെ തമ്പടിക്കാൻ തുടങ്ങി. ഭക്ഷണം കിട്ടാതെ വന്നപ്പോഴാണ് താറാവുകളെ ആക്രമിക്കാന്‍ തുടങ്ങിയതെന്ന് പുരുഷോത്തമന്‍ പറയുന്നു. 

പുരുഷോത്തമന്‍ മുപ്പത് വർഷമായി താറാവ് വളർത്തുന്നുണ്ട്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഉപജീവനത്തിനായി താറാവ് വളർത്തൽ തുടരുകയായിരുന്നു. 616 താറാവുകളെ 300 രൂപ വീതം നല്‍കി അഞ്ച് മാസം മുൻപ് വാങ്ങിയതാണ്. മുട്ടയിടുന്ന താറാവുകളെയാണ് വാങ്ങിയത്. കഴിഞ്ഞ ദിവസത്തിനുള്ളില്‍ 403 മുട്ടകൾ ലഭിച്ചു. എരമല്ലൂർ തഴുപ്പ് പ്രദേശത്ത് വീടിന് സമീപമുള്ള 43 സെന്റ് ഭൂമിയിലാണ് താറാവ് വളർത്തൽ നടത്തുന്നത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പുരുഷോത്തമന്‍ പറഞ്ഞു. അധികാരികൾക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Related Posts

Leave a Reply