”കരിമണൽ കർത്തയുടെ പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞിട്ടുണ്ട്. അതിനകത്ത് ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്ന് ആർക്കുമറിയില്ല. കർത്ത നടത്തുന്നത് ഉണക്കമീൻ കച്ചവടമല്ല. ആണവ റിയാക്ടർവരെ പ്രവർത്തിക്കാനാവശ്യമുള്ള കരിമണലാണ് ഖനനം ചെയ്യുന്നത്”
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ജയിലിൽ പോകേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഇ ഡി അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കളക്ടറേറ്റിനുമുന്നിൽ ബിജെപി നടത്തിയ മഹിളാധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകൻ റിയാസിന് മന്ത്രിസ്ഥാനം കൊടുത്തു. എന്നാൽ കഴിവും പ്രാപ്തിയുമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയിൽ താൻ തീരുമാനിക്കുന്നവർ മതിയെന്നാണ്- ശോഭാ സുരേന്ദ്രൻ പറഞ്ഞു. ”ധനാഢ്യൻമാർക്ക് ഏക്കറു കണക്കിനു ഭൂമി അനധികൃതമായി കയ്യിൽ വയ്ക്കാൻ അനുമതി കൊടുത്തതിൽ പിണറായി മറുപടി പറയണം. ഏതോ പ്രമാണിക്ക് സ്വകാര്യ വിമാനത്താവളമുണ്ടാക്കാൻ രഹസ്യ ചർച്ച നടത്തി. ഇവരുടെ ചർച്ച വിദേശത്തു വച്ചാണ്. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോവുന്നത് മാരക അസുഖത്തിനു ചികിത്സിക്കാനാണെന്നാണ് എല്ലാവരും കരുതിയത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ ഇരിക്കാൻ പാവപ്പെട്ടവർ മുണ്ടുമുറുക്കിയുടുത്ത് ഖജനാവിലേക്ക് പണം തരും. പക്ഷേ മകന്റെയും മകളുടെയും മരുമകന്റെയും പണക്കാട്ട് പ്രദേശത്തുള്ള മറ്റൊരു പാർട്ടിക്കാരന്റെ മകന്റെയുമൊക്കെ ബിസിനസ്സിനെക്കുറിച്ച് പഠിക്കാനാണ് ഇടയ്ക്കിടെയുള്ള വിദേശ യാത്രയെന്നാണ് അറിയുന്നത്” ”കരിമണൽ കർത്തയുടെ പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞിട്ടുണ്ട്. അതിനകത്ത് ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്ന് ആർക്കുമറിയില്ല. കർത്ത നടത്തുന്നത് ഉണക്കമീൻ കച്ചവടമല്ല. ആണവ റിയാക്ടർവരെ പ്രവർത്തിക്കാനാവശ്യമുള്ള കരിമണലാണ് ഖനനം ചെയ്യുന്നത്. ഇതിന് എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനത്തിന് അനുമതി കൊടുക്കുന്നില്ല. കരിമണൽ കർത്തയ്ക്ക് കരിമണൽ ഖനനം തീറെഴുതിക്കൊടുത്തിട്ടും അതിനെതിരെ ഒരു വാക്കുപോലും മിണ്ടാൻ പാർട്ടിക്കാർ തയാറല്ല. കരിമണൽ കർത്ത വീണയ്ക്ക് ആവശ്യമുള്ള പണം കൊടുത്തു. ഈ പണം ബാങ്ക് വഴിയാണു കിട്ടിയത് എന്ന് ഒരു മടിയുമില്ലാതെ പറയുന്നു”- ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
