Kerala News

മുഖ്യമന്ത്രിക്ക് ബിജെപിയുമായി വലിയ ബന്ധം; രമേശ് ചെന്നിത്തല

പിണറായി വിജയനും ബിജെപിയുമായി വലിയ ബന്ധമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏഴ് വർഷമായി മുഖ്യമന്ത്രി നരേന്ദ്രമോദി എന്നോ അമിത് ഷാ എന്നോ മിണ്ടുന്നില്ല. ഇവർ തമ്മിലുള്ള അന്തർ ധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് എത്രയോ ശരിയാണ്, എന്തുകൊണ്ട് കെ കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്.
സിപിഐഎം – ബിജെപി ബന്ധം മറനീക്കി പുറത്ത് വരുന്നുവെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദേഹം പ്രതികരിച്ചു.

കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്ന് എച്ച് ഡി ദേവഗൗഡവെളിപ്പെടുത്തിയിരുന്നു. പിണറായി പൂർണസമ്മതം നൽകി,ഇക്കാരണത്താലാണ് പിണറായി സർക്കാരിൽ ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാർട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാർത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തിയത്.

തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എം.എൽ.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply