മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അന്വേഷണത്തിനുള്ള ഉത്തരവിന്റെ പകർപ്പ് അടക്കം നൽകാതെയാണ് എസ്.എഫ്.ഐ.ഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം.
നേരത്തെ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. എന്തുകൊണ്ടാണ് എസ്.എഫ്.ഐ .ഒ അന്വേഷണത്തെ എതിർക്കുന്നതെന്നും അതിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കെ.എസ്.ഐ.ഡി.സിക്ക് എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ ഒന്നും ഒളിക്കാനില്ലെന്നായിരുന്നു കെ.എസ്ഐഡിസി മറുപടി നൽകിയത്. കെ.എസ്.ഐ.ഡി.സിയുടെ ഹർജിയിൽ ഇന്ന് കേന്ദ്ര സര്‍ക്കാരും രേഖാമൂലം നിലപാട് വ്യക്തമാക്കും.
അതേസമയം എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിലവിൽ കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസിയും അന്വേഷണപരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണം എസ്എഫ്ഐയ്ക്ക് കൈമാറുകയായിരുന്നു.