വയനാട് മാനന്തവാടി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ പൊലീസ് കേസെടുത്തു. തോണിച്ചാല്‍ സ്വദേശി ഗിരീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു ഗിരീഷിന്റെ പരാതി. സെപ്തംബര്‍ 13നാണ് ഗിരീഷ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളജിലെത്തുന്നത്. ഡോക്ടര്‍ ജുബേഷ് അത്തിയോട്ടിലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ജുബേഷിന്റെ വൃഷണങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും വൃഷണങ്ങള്‍ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം തുന്നലെടുക്കാന്‍ ചെന്നപ്പോള്‍ ഗിരീഷ് വേദനയുടെ കാര്യം മറ്റൊരു ഡോക്ടറോട് സൂചിപ്പിക്കുകയും വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലച്ചതായി ഈ ഡോക്ടര്‍ കണ്ടെത്തുകയുമായിരുന്നെന്നാണ് ഗിരീഷ് പറയുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ഗിരീഷ് പരാതി നല്‍കിയിരുന്നു.