India News

മഹാരാഷ്ട്രയിലെ മാലേ​ഗാവിൽ പുള്ളിപ്പുലിയുടെ മുന്നിൽ പെട്ട 12 വയസുകാരൻ അതിസാഹസികമായി രക്ഷപ്പെട്ടു.

മാ​ലേ​ഗാവ്: മഹാരാഷ്ട്രയിലെ മാലേ​ഗാവിൽ പുള്ളിപ്പുലിയുടെ മുന്നിൽ പെട്ട 12 വയസുകാരൻ അതിസാഹസികമായി രക്ഷപ്പെട്ടു. മുറിയിലേക്ക് കയറി വന്ന പുലിയെ പൂട്ടിയിട്ടു കൊണ്ടായിരുന്നു മോഹിത് അഹിരെയുടെ ചടുലമായ നീക്കം. മാലേഗാവിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. 

അഹിരെയുടെ പെട്ടെന്നുള്ള ഇടപെടലാണ് വന്യമൃഗത്തിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടാൻ കാരണമായത്. പ്രദേശത്തെ വിവാഹ ഹാളിലെ സുരക്ഷാ ജീവനക്കാരന്റെ മകനായിരുന്നു മോഹിത് അഹിരെ. ജോലിക്കിടെ മകനെ മുറിയിലിരുത്തിയ സമയത്താണ് പുള്ളിപ്പുലി അപ്രതീക്ഷിതമായി മുറിയിലേക്ക് കടന്നുവന്നത്. ഈ സമയത്ത് മുറിയിൽ ടേബിലിളിരുന്ന കുട്ടിയെ പുലി കണ്ടിരുന്നില്ല. ഫോണിൽ വീക്ഷിച്ചു കൊണ്ടിരുന്ന കുട്ടി പുലിയെ കണ്ടതും ഞെട്ടിത്തരിച്ചു. എന്നാൽ കൃത്യസമയത്തുള്ള കുട്ടിയുടെ നീക്കം പുലിയുടെ പിടിയിൽ നിന്നും രക്ഷിക്കുകയായിരുന്നു. ഫോൺ താഴെ വെച്ച് മെല്ലെ ടേബിളിൽ നിന്നിറങ്ങിയ മോഹിത് പുറത്തേക്കിറങ്ങി മുറി പൂട്ടുകയായിരുന്നു. കുട്ടിയുടെ ചടുലമായ ഈ നീക്കം ജീവൻ രക്ഷപ്പെടുത്തി. പുലി മുറിയിലേക്ക് കടന്നുവരുന്നതും മോഹിത് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. 

പുള്ളിപ്പുലി എന്റെ ഏറ്റവുമടുത്തായിരുന്നു. അത് ഓഫീസിൻ്റെ അകത്തേക്ക് കടന്നുവരികയായിരുന്നു. പുലിയെ കണ്ടയുടനെ ഞാൻ ഭയപ്പെട്ടു, പക്ഷേ ഞാൻ ‌മെല്ലെ ശബ്ദമുണ്ടാക്കാതെ ബെഞ്ചിൽ നിന്നിറങ്ങി ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങി പുറകിൽ നിന്ന് വാതിൽ അടക്കുകയായിരുന്നുവെന്ന് മോഹിത് പറയുന്നു. നേരത്തെ തന്നെ പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടിരുന്നുവെന്നും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തി വരികയാണെന്നും വിവാഹ ഹാളിന്റെ ഉടമയായ അനിൽ പവാർ പറഞ്ഞു. സംഭവം ഉടൻ തന്നെ അധികൃതരെ അറിയിച്ചതായും പവാർ വ്യക്തമാക്കി. അതേസമയം, പുലിയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കൂട്ടിലടച്ചു. 

Related Posts

Leave a Reply