Entertainment Kerala News

മലയാള സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം തെറ്റൊന്ന് തെളിഞ്ഞാൽ തിരിച്ചും നടപടി ഉണ്ടാകണമെന്ന് താരം പ്രതികരിച്ചു.

ഇരകളുടെ പേരുകൾ സംരക്ഷിക്കപെടണമെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് താൻ അല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. താര സംഘടനയായ അമ്മയ്ക്ക് വീഴ്ച്ച സംഭിച്ചുവെന്ന് പൃഥ്വിരാജ് പറഞ്ഞു. ആരോപണ വിധേയർ സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ നിലപാട് ദുർബലമാണെന്ന് പൃഥ്വിരാജ് കുറ്റപ്പെടുത്തി. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടതെന്നും അത് ഉടനെ വരും എന്നു പ്രതീക്ഷിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. സിനിമയിലെ തൊഴിൽ നിഷേധത്തിനെതിരെ നടപടി വേണം. താനും അതിന്റെ ഒരു ഇരയായിരുന്നുവെന്ന് നടൻ പറഞ്ഞു. അന്വേഷണസംഘം തന്നെ സമീപിച്ചാൽ തീർച്ചയായും സഹകരിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയിരുന്നു. ഇങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് സിനിമ മേഖലയിൽ നിന്നാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് നടൻ പറഞ്ഞു.

പവർ ​ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ​ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമാ മേഖലയിൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോൺക്ലേവ് കൊണ്ട് കഴിയുമെങ്കിൽ നടക്കട്ടെയെന്ന് പൃഥിരാജ് വ്യക്തമാക്കി.

Related Posts

Leave a Reply