മലപ്പുറം: കാളികാവിൽ സി സി ടി വി ക്യാമറ വെച്ച വീട്ടിൽ റബ്ബർഷീറ്റ് മോഷണത്തിന് മോഷ്ടാവ് എത്തിയത് ദേഹം പുതപ്പിട്ടുമൂടി. കറുത്തേനി പൂളക്കുന്നിലെ പരപ്പൻ ഉസ്മാന്റെ വീട്ടിലാണ് വീണ്ടും മോഷണം നടന്നത്. മുൻപ് രണ്ടു തവണ റബ്ബർഷീറ്റ് മോഷണം പോയതിനാൽ മോഷ്ടാവിനെ പിടിക്കാനുറപ്പിച്ച് വീടും പരിസരവും സി സി ടി വി നിരീക്ഷണത്തിലാക്കിയിരുന്നു. എന്നിട്ടും പുകപ്പുരയിൽനിന്ന് റബർഷീറ്റ് മോഷണംപോയി. വെള്ളിയാഴ്ച രാവിലെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടു. സി സി ടി വി. പരിശോധിച്ചപ്പോൾ, സമീപത്തെ വീട്ടിൽ ഉണക്കാനിട്ട പുതപ്പെടുത്ത് ദേഹം മൂടിയാണ് മോഷ്ടാവ് എത്തിയതെന്ന് മനസ്സിലായി. വീട്ടിൽ സി സി ടി വി സ്ഥാപിച്ചത് അറിയുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തം. കാളികാവ്, വണ്ടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിപ്രദേശങ്ങളായ കറുത്തേനി, വൈക്കോലങ്ങാടി, പൂളക്കുന്ന് ഭാഗങ്ങളിൽ കഴിഞ്ഞ ആറുമാസത്തിനിടെ മുപ്പതോളം റബ്ബർഷീറ്റ് മോഷണം നടന്നിട്ടുണ്ട്. മോഷണത്തിനുശേഷം എല്ലായിടത്തും മുളകുപൊടി വിതറുകയും ചെയ്യും. റബ്ബർഷീറ്റിനുപുറമേ രണ്ടാഴ്ച മുൻപ് മൂന്ന് വീടുകളിൽനിന്ന് ഗ്യാസ് സിലിൻഡറും മോഷണംപോയിട്ടുണ്ട്. പരപ്പൻ ഉസ്മാന്റെ സഹോദരിയുടെ വീട് കുത്തിത്തുറന്ന് മോഷണശ്രമവും നടന്നിട്ടുണ്ട്.
