മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ കഴിഞ്ഞ ദിവസം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കരേക്കാട് കാടാമ്പുഴ മജീദ്കുണ്ട് പുതുവള്ളി ഉണ്ണീന്റെ മകൻ ഫസൽ റഹ്മാനെയാണ് ചട്ടിപ്പറമ്പ് ടൗണിൽ സ്വകാര്യ മാളിന്റെ ഇരുമ്പഴികൾ കൊണ്ട് നിർമിച്ച കോണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേബിളിൽ സിമന്റ് കട്ടകൾ കെട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് ഇരുമ്പഴിക്കുള്ളിലൂടെ താഴെക്കിട്ട അവസ്ഥയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെ കാണാതായ യുവാവിനായി ഊർജിതമായി അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. യുവാവ് സ്വയം ജീവനൊടുക്കിയതാവാമെന്ന സാധ്യതക്കൊപ്പം മറ്റെല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ച് വർഷത്തോളമായി ദുബൈയിലായിരുന്നു ഫസൽ റഹ്മാൻ. 10 മാസം മുമ്പ് നടന്ന വിവാഹശേഷം ദുബൈയിലേക്ക് മടങ്ങി. മൂന്ന് മാസം മുമ്പാണ് വീണ്ടും നാട്ടിലെത്തിയത്. മരണവാർത്തയറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വൻ ജനക്കൂട്ടമാണ് സംഭവ സ്ഥലത്തെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.