ഏഴാം ദിന മരണാനന്തര ചടങ്ങുകൾ സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഇതൊന്നും അറിയാതെ ആൻറണി ആലുവയിൽ ബസ്സിറങ്ങിയത്
ആലുവയിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാരം നടത്തിയ ആൾ തിരികെ എത്തി. ആലുവ ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാംനാൾ മരണാനന്തര ചടങ്ങുകൾ നടക്കുന്നതറിയാതെ നാട്ടിലെത്തിയത്.
ഏഴാം ദിന മരണാനന്തര ചടങ്ങുകൾ സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഇതൊന്നും അറിയാതെ ആൻറണി നാട്ടിൽ കാലുകുത്തിയത്. ആന്റണി ബസിറങ്ങുന്നത് കണ്ട അയൽക്കാരൻ സുബ്രമണ്യൻ ആദ്യം ഒന്നമ്പരന്നെങ്കിലും ഉടൻ ബന്ധുക്കളെ വിളിച്ച് ഉറപ്പ് വരുത്തി. ആന്റണിയുടെ ശവസംസ്കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തയാളായിരുന്നു സുബ്രഹ്മണ്യൻ.
നാട്ടിലെത്തിയപ്പോഴാണ് താൻ മരിച്ചെന്നും ഇന്ന് തന്റെ മരണാനന്തര ചടങ്ങിന്റെ ഏഴാമത്തെ ദിവസവും ആണെന്ന് ആന്റണി അറിഞ്ഞത്. ആന്റണി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
ഏഴ് ദിവസം മുൻപാണ് അങ്കമാലിക്കടുത്ത് മൃതദേഹം കണ്ടെത്തുകയും ബന്ധുക്കൾ ആന്റണിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. അവിവാഹിതനായ ആൻറണി മൂവാറ്റുപുഴയിൽ ഒറ്റക്കാണ് താമസം. ആലുവ മാർക്കറ്റിലും മൂവാറ്റുപുഴയിലും മറ്റും ചെറിയ ജോലികൾ ചെയ്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയാണ് ജീവിച്ചിരുന്നത്. ഏഴ് സഹോദരങ്ങളാണ് ആന്റണിക്കുള്ളത്. വല്ലപ്പോഴും ഇവരുടെ വീടുകളിൽ പോകും.
ആന്റണിയാണെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ചത് ആരെയാണെന്ന് അന്വേഷിക്കുകയാണ് പൊലീസ്. ആന്റണി തിരിച്ചെത്തിയതോടെ പള്ളിയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് പതിനാലിനാണ് ആന്റണി മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ അങ്കമാലി പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്ത ദിവസം ഇയാൾ മരണപ്പെട്ടു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ആന്റണിയുടേതാണെന്ന് ആദ്യം ‘തിരിച്ചറിഞ്ഞത്’ സഹോദരിയാണ്.
ആന്റണിയുടെ തലയിലും കാലിലുമുള്ള മുറിവിന്റെ പാടുകൾ കണ്ടാണ് സഹോദരി തെറ്റിദ്ധരിച്ചത്. തുടർന്ന് മറ്റ് ബന്ധുക്കളും ഇത് ആന്റണിയുടെ മൃതദേഹമാണെന്ന് കരുതി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആന്റണിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തു.
അതേസമയം, മരണപ്പെട്ടത് കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾ ആയിരിക്കാമെന്നാണ് ആന്റണി പറയുന്നത്. തന്റെ രൂപസാദൃശ്യമുള്ള രാമചന്ദ്രനെ ആന്റണി മുമ്പ് പരിചയപ്പെട്ടിരുന്നു. അലഞ്ഞ് നടക്കുന്ന ശീലക്കാരനായിരുന്നു രാമചന്ദ്രനും.
