തിരുവനന്തപുരം: മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ മന്ത്രിസഭ പുനഃസംഘടന എന്ന കാര്യത്തിൽ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ഇടതുമുന്നണി യോഗം ചേരുമ്പോൾ ഇക്കാര്യം ചര്‍ച്ച ചെയ്യും. സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. നവംബര്‍ 25നകം മന്ത്രിസഭ പുനഃസംഘടന നടക്കണമെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണ. ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിൽ എന്നിവർ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം എന്നാണ് ധാരണ.
ഈ മാസം 18 നാണ് നവകേരള സദസ് ആരംഭിക്കുന്നത്. നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കേരളാ കോൺഗ്രസ് ബി കത്ത് നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസ് ബി വൈസ് ചെയർമാൻ വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും നേരിട്ടു കണ്ട് ആണ് കത്ത് നൽകിയത്. വിഷയം ചർച്ച ചെയ്യാമെന്ന് പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നൽകിയ പാർട്ടികൾക്ക് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതില് സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമുയർന്നത്.
ജനതാദൾ എസിൽ അവസാനത്തെ രണ്ടര വർഷം മന്ത്രി പദത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് മാത്യു ടി തോമസ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത്തരം ആലോചനകളിൽ ഇല്ലെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം നൽകിയിരുന്ന വിശദീകരണം. ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാതെ ഇരുന്ന എൽ ജെ ഡി ഇത്തവണ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നാണ് സൂചന. ആവശ്യം അംഗീകരിച്ചാൽ ഏക അംഗം കെ പി മോഹനൻ മന്ത്രിയാകും. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും. ഏക അംഗമായ കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതായി സൂചനയുണ്ടായിരുന്നു. എ എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിലവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്പീക്കറാക്കാനും സാധ്യതയുണ്ട്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു.