Kerala News

മണിമല പൊന്തൻപുഴ വനത്തിൽവെച്ചുള്ള കൊലപാതക ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായത് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം.

കോട്ടയം: മണിമല പൊന്തൻപുഴ വനത്തിൽവെച്ചുള്ള കൊലപാതക ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായത് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനെ (30) ആണ് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ പ്ലാച്ചേരിയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധനയ്ക്ക് എത്തിയതായിരുന്നു സർക്കാർ ഉദ്യോ​ഗസ്ഥർ. യു എസ് ഹരികൃഷ്ണൻ, പി ടി ദിലീപ് ഖാൻ, ആർ ശ്രീജിത്ത് കുമാർ, അനു എന്നിവർ ഉൾപ്പെട്ട സംഘത്തിനു മുന്നിലേക്ക് യുവാവ് വനത്തിൽ നിന്നിറങ്ങിയെത്തുകയായിരുന്നു. ഷർട്ടും അടിവസ്ത്രവും മാത്രമായിരുന്നു ഇയാളുടെ വേഷം. യുവാവിന്റെ മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. ഇവർ ഉടൻ തന്നെ റാന്നി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മണിമല പൊലീസ് നടത്തിയ അന്വഷണത്തിൽ പ്രതികളെ പിടികൂടി. കൊടുങ്ങൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ പ്രസീദ് (52) എന്നിവരാണ് അറസ്റ്റിലായത്. സുമിത്തും സാബു ദേവസ്യയും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം.

Related Posts

Leave a Reply